Sunday, 25 August 2013

ഗ്രാംഷി, എവോര, ജപ്പാനിലെ മദ്യപാനം

ഗ്രാംഷി, എവോര, ജപ്പാനിലെ മദ്യപാനം


നമ്മുടെ ഇന്ത്യന്‍ എഴുത്തുകാര്‍ പലരേയും ഞാന്‍ status quo എഴുത്തുകാര്‍ എന്നാണ് വിളിക്കാറുള്ളത്. കാരണം, സമൂഹം എന്ത് പറയുന്നുവോ അത് അക്ഷരം പ്രതി അവര്‍ തിരിച്ചും പറയുന്നു. ഇതിനെപ്പറ്റി അന്റൊണിയോ ഗ്രാംഷി പറഞ്ഞത് ശ്രദ്ധേയമാണ്. അദ്ദേഹം ബുദ്ധിജീവികളെ രണ്ട് വിധമായി തിരിച്ചിട്ടുണ്ട്. പരമ്പരാഗത ബുദ്ധിജീവികള്‍ (Traditional intellectuals), നൈസര്‍ഗ്ഗിക ബുദ്ധിജീവികള്‍ (Organic intellectuals). ഗ്രാംഷി പറഞ്ഞ പരമ്പരാഗത ബുദ്ധിജീകളെയാണ് ഒരിക്കല്‍ ഞാന്‍ ‘തൈരുവട എഴുത്തുകാര്‍’ എന്ന് പറഞ്ഞത്.
ഗ്രാംഷി ഇറ്റലിയിലെ സര്‍ദീനിയാ ദ്വീപില്‍ 1891 ആം ആണ്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ മുന്‍ ഗാമികള്‍ അല്‍ബേനിയയില്‍ നിന്നും വന്ന് നേപ്പിള്‍സിനു് അടുത്ത് കുടിയേറിയവരാണ്. അത് നടന്നത് 1820 ആം ആണ്ടിലായിരുന്നു. അപ്പോള്‍ നേപ്പിള്‍സില്‍ ബര്‍ബോണ്‍ (Bourbon) രാജവാഴ്ചയായിരുന്നു. ഗ്രാംഷിയുടെ മുത്തച്ഛന്‍, രാജാവിന്റെ സൈന്യത്തില്‍ കേണലായിരുന്നു. 1861 ഇല്‍ നേപ്പിള്‍സ് ഇറ്റാലിയന്‍ ഭരണത്തിനു് കീഴിലായി.
ഗ്രാംഷിയുടെ അച്ഛന് സര്‍ദീനിയാ ദ്വീപില്‍ ജോലി കിട്ടിയപ്പോള്‍ അവര്‍ നേപ്പിള്‍സില്‍ നിന്നും സര്‍ദീനിയയിലേയ്ക്ക് പോയി.
ഇപ്പോള്‍ സര്‍ദീനിയ ദ്വീപ് സഞ്ചാരികളുടെ ഉല്ലാസകേന്ദ്രമായി അറിയപ്പെടുന്നു. എന്നാല്‍, ഗ്രാംഷിയുടെ ചെറുപ്പകാലത്തില്‍ സര്‍ദീനിയ ഇന്നത്തെപ്പോലെയായിരുന്നില്ല. പല നൂറ്റാണ്ടുകളായി ഇറ്റലിയില്‍ നിന്നും ഒറ്റപ്പെട്ടിരുന്നതിനാല്‍ വലിയ ദാര്‍ദ്ര്യത്തിലായിരുന്നു സര്‍ദീനിയാ.
ഗ്രാംഷിയുടെ ജീവിതത്തിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഒന്ന് 1891 ഇല്‍ സര്‍ദീനിയായില്‍ ജനിച്ച് വളര്‍ന്ന് ടൂറിന്‍ നഗരത്തിലെ സര്‍വ്വകലാശാല വിദ്യാഭ്യാസകാലമായ 1918 വരെ. രണ്ടാമത്തെ ഘട്ടം 1918 മുതല്‍ 1926 ആം ആണ്ടില്‍ മുസോളിനിയുടെ പോലീസുകാര്‍ അറസ്റ്റ് ചെയ്യുന്നത് വരെ. മൂന്നാമത്തെ ഘട്ടം മുസോളിനിയുടെ തടവറയില്‍ 1937 ഇല്‍ മരണം വരിയ്ക്കും വരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍. രണ്ടാമത്തെ കാലഘട്ടത്തിലാണ് ഗ്രാംഷി ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്തിയത്.
മൂന്നാമത്തെ ഘട്ടത്തില്‍ തടവറയിലിരുന്ന് അദ്ദേഹം തടവറയിലെ കുറിപ്പുകളും കത്തുകളും എഴുതിയിരുന്നു. തടവറയിലെ കുറിപ്പുകള്‍ മാത്രം ഏതാണ്ട് മുപ്പതെണ്ണം വരും. മൊത്തം മൂവായിരം താളുകളുണ്ടാകും അവ.
സര്‍വ്വകലാശാലയിലും ഗ്രാംഷിയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. തണുപ്പുകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങളില്ല. ആഹാരത്തിനുള്ള പണമില്ല. ഒരിക്കല്‍, കൊടും തണുപ്പില്‍ ധരിക്കാനുള്ള കമ്പിളി വസ്ത്രം ഇല്ലാത്തതിനാല്‍ രണ്ട് മാസം അദ്ദേഹം തന്റെ മുറിയില്‍ നിന്നും പുറത്ത് പോയതേയില്ല. ക്ലാസ്സിലും പോയില്ല. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ അതും ഒരു കാരണമായി.
ഗ്രാംഷി തടവറയിലിരുന്ന് എഴുതിയ കത്തുകള്‍ എങ്ങിനെയെങ്കിലും സംഘടിപ്പിച്ച് വായിച്ചു നോക്കൂ. ഉദാഹരണത്തിനായി ഒരു കത്ത് ഇവിടെ തരാം. ഈ കത്ത് സര്‍ദീനിയായിലുള്ള തന്റെ അമ്മയ്ക്ക് ഗ്രാംഷി എഴുതിയതാണ്.
മിലാന്‍ മേയ് 10, 1928 പ്രിയപ്പെട്ട അമ്മയ്ക്ക്,
ഞാന്‍ റോമിലേയ്ക്ക് പോകുകയാണ്. അത് തീരുമാനിച്ചു കഴിഞ്ഞു. ഈ മാറ്റത്തിനെപ്പറ്റി നിന്നെ അറിയിക്കാന്‍ അവര്‍ പറഞ്ഞു. ഇപ്പോള്‍ മുതം നീ എനിക്കെഴുതുന്ന കത്തുകള്‍ റോമിലേയ്ക്ക് അയയ്ക്കണം. എന്റെയടുത്ത് നിന്നും അടുത്ത കത്ത് വരുന്നത് വരെ.
ഇന്നലെ കാര്‍ലോയില്‍ നിന്നും പതിവ് തപാല്‍ വന്നു. നിന്റെ ഫോട്ടോ അയയ്ക്കുന്നുണ്ടെന്ന് അവന്‍ പറഞ്ഞു. കണ്ടിരുന്നെങ്കില്‍ വളരെ സന്തോഷമാകുമായിരുന്നു. എന്റ് പ്രിയപ്പെട്ട അമ്മേ, എന്റെ ആരോഗ്യം, മനസ്സ് എന്നിവയെപ്പറ്റി ഓര്‍ത്ത് നീ വിഷമിക്കണ്ട എന്ന് വീണ്ടും വീണ്ടും എഴുതാന്‍ എനിക്ക് ഇഷ്ടമല്ല. എനിക്ക് അവര്‍ എന്ത് ശിക്ഷ തന്നാലും നീ അതിനെപ്പറ്റി വിഷമിക്കരുത്. അപ്പോഴേ എനിക്ക് മന:സ്സമാധാനം ഉണ്ടാവൂ. ദയവ് ചെയ്ത് മനസ്സിലാക്കൂ അമ്മാ. ഞാന്‍ നിയമപരമായി അറസ്റ്റ് ചെയ്യപ്പെട്ടതാണ്. ഞാന്‍ ഒരു രാഷ്ട്രീയ തടവുകാരന്‍ ആയതിനാല്‍ എനിക്ക് അതിനെപ്പറ്റി ലജ്ജിക്കേണ്ടതില്ല. സത്യത്തില്‍ ഈ തടവ് ഞാന്‍ തന്നെ തിരഞ്ഞെടുത്തതാണ്.
എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ ഒരിക്കലും അനുരഞ്ജനം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ആ അഭിപ്രായങ്ങള്‍ക്കായി ജയിലില്‍ പോകാന്‍ മാത്രമല്ല, മരിക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. ഇതിനെക്കുറിച്ച് വലിയ ആശ്വാസം എനിക്കുള്ളില്‍ നിറയുന്നത് അറിയുന്നു. എന്റെ പ്രിയപ്പെട്ട അമ്മാ, നിന്നെ എന്റെ കൈകള്‍ക്കുള്ളില്‍ അടക്കിപ്പിടിക്കാന്‍ തോഐന്നുന്നു. അപ്പോഴേ ഞാന്‍ നിന്നെ എത്ര സ്‌നേഹിക്കുന്നൂയെന്ന് നിനക്ക് മനസ്സിലാകൂ. അപ്പൊഴേ ഈ വേര്‍പാട് കാരണം നിനക്കുണ്ടായ വിഷമം മാറൂ. അതല്ലാതെ വേറെ വഴിയില്ല. അതെ. ജീവിതം വലിയ കഠിനം തന്നെയാണ്. ചിലപ്പോള്‍ മക്കള്‍ തങ്ങളുടെ അഭിമാനവും മേന്മയും സൂക്ഷിക്കുന്നതിനായി തങ്ങളുടെ അമ്മമാര്‍ക്ക് ഒരുപാട് വേദന കൊടുക്കുന്നു.

No comments:

Post a Comment