Wednesday, 28 August 2013

പിച്ചില്‍ മൂത്രം ഒഴിച്ചതിന് ഇംഗ്ലണ്ട് ടീം ക്ഷമ ചോദിച്ചു



ലണ്ടന്‍: പിച്ചില്‍ മൂത്രം ഒഴിച്ച് ആഷസ് പരമ്പര നേട്ടം ആഘോഷിച്ച സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്ഷമ ചോദിച്ചു. ആഞ്ചാം ടെസ്റ്റ് നടന്ന ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയം പിച്ചിലാണ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ പ്രതിഷേധ സൂചകമായി മൂത്രം ഒഴിച്ചത്.
‘ആഷസില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച് ഞങ്ങള്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുകടന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതിലാര്‍കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു’ ഇംഗ്ലണ്ട് ടീമിന്റെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇംഗ്ലണ്ട് ടീമിന്റെ അമിതമായ വിജയാഹ്ലാദത്തിനെതിരെ നേരത്തെ മുന്‍ കളിക്കാരും രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച്ച അവസാനിച്ച ആഷസ് പരമ്പരയുടെ അവസാന മത്സരം വിവാദത്തിലാണ് അവസാനിച്ചത്. ടീമിന് ജയിക്കാന്‍ നാല് ഓവറില്‍ 21 റണ്‍സ് വേണ്ട സമയത്ത്, വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി അംപയര്‍മാര്‍ മത്സരം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കളി നിര്‍ത്തി ഗ്രൗണ്ടില്‍ നിന്ന് നടന്ന നീങ്ങിയ അംപയര്‍മാരായ അലീം ദാര്‍, കുമാര്‍ ധര്‍മസേന, ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കള്‍ ക്ലര്‍ക്ക് എന്നിവരെ കാണികള്‍ കൂകി വിളിച്ചു. അംപയര്‍മാരുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇംഗ്ലണ്ട് ടീം പിച്ചില്‍ മൂത്രം ഒഴിച്ചത്. ടീമിലെ മുതിര്‍ന്ന കളിക്കാരായ കെവിന്‍ പീറ്റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരായിരുന്നു പിച്ചില്‍ മൂത്രമൊഴിച്ചത്.
മത്സര ശേഷം ഡ്രസിംഗ് റൂമിലേക്ക് പോയി മടങ്ങി വന്നായിരുന്നു കളിക്കാരുടെ പ്രതിഷേധ മൂത്രം ഒഴിക്കലും വിജയാഹ്ലാദവും.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീം 3-0 ത്തിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

No comments:

Post a Comment