Thursday, 12 September 2013

100 രൂപ നല്‍കാത്തതിന് മൂത്രപ്പുരയില്‍ പൂട്ടിയിട്ട പതിനൊന്നുകാരി മരിച്ചു

കൊല്‍ക്കത്ത: സ്‌കൂളിലെ മൂത്രപ്പുരയില്‍ മുതിര്‍ന്ന കുട്ടികള്‍ പൂട്ടിയിട്ട പതിനൊന്നുകാരി മരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലാണ് സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഒന്‍ഡ്രില ദാസാണ് മരണമടഞ്ഞത്. നൂറ് രൂപ ചോദിച്ചിട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ ഒന്‍ഡ്രില ദാസിനെ മൂത്രപ്പുരയില്‍ പൂട്ടിയിട്ടിരുന്നു. അതിനെ തുടര്‍ന്ന് അസുഖബാധിതയായി ആശുപത്രിയിലായ ഒന്‍ഡ്രില ദിവസങ്ങള്‍ക്കുശേഷമാണ് മരണമടഞ്ഞത്.

ശാരീരികമായ വിഷമതകളൊന്നും കുട്ടിയെ അലട്ടുന്നില്ലെന്ന ഡോക്ടറുടെ ഉറപ്പിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ ആദ്യഘട്ടത്തില്‍ ഒന്‍ഡ്രിലയെ വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ച ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതിര്‍ന്ന കുട്ടികളുടെ പീഡനത്തിനുശേഷം വീട്ടിലെത്തിയ കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. കുട്ടി മരിച്ചതിന് പിന്നില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയോടൊപ്പം തന്നെ ഡോക്ടറുടെ ശ്രദ്ധക്കുറവുമുണ്ടെന്ന് കുട്ടിയുടെ അമ്മ രേഖ ദാസ് പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായും കുട്ടിയുടെ അവര്‍ പറഞ്ഞു.

പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് സംഘടിച്ചെത്തിയ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്ന പ്രിന്‍സിപ്പളിന്റെ ഉറപ്പ് പോരെന്നും രാജിവെയ്ക്കണമെന്നും ജനക്കൂട്ടം അവശ്യപ്പെട്ടു.

പ്രിന്‍സിപ്പളിന്റെ രാജിക്കത്ത് നോട്ടീസ് ബോര്‍ഡില്‍ കണ്ടശേഷം മാത്രമേ പിരിഞ്ഞുപോകുകയുള്ളെന്ന് ജനക്കൂട്ടം വ്യക്തമാക്കി. അതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ രാജിവെച്ചത്. ജനക്കൂട്ടം ക്ലാസ് മുറികളുടെ ജനങ്ങളുടെ തകര്‍ക്കുകയും അദ്ധ്യാപകരെ സ്റ്റാഫ് മുറികളില്‍ പൂട്ടിയിടുകയും ചെയ്തു.

No comments:

Post a Comment