Thursday, 10 October 2013

45 വര്‍ഷത്തിനുള്ളില്‍ പാരീസും ലണ്ടനും ന്യൂയോര്‍ക്കും വിജനനഗരങ്ങളാകും

45 വര്‍ഷത്തിനുള്ളില്‍ ഇപ്പോഴത്തെ വന്‍ നഗരങ്ങളായ പാരീസും ലണ്ടനും
ന്യൂയോര്‍ക്കും വിജനമാകുമെന്ന് പഠനം. ആഗോളതാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വന്‍നഗങ്ങള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ജീവിതം ദുസ്സഹമാകുമെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റി ഓഫ് ഹവായിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഭൂമിയിലെ അന്തരീക്ഷ താപം ഇതുവരെ രേഖപ്പെടുത്താത്ത നിലയിലേക്ക് വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്‍.

2047ന് അഞ്ച് വര്‍ഷം മുമ്പോ അഞ്ച് വര്‍ഷത്തിന് ശേഷമോ ഭൂമിയിലെ അന്തരീക്ഷ താപം റെക്കോര്‍ഡ് നിലയിലെത്തുമെന്നാണ് ഗവേഷകരുടെ പ്രവചനം.

ഭാവിയിലെ ഏറ്റവും തണുപ്പ് കൂടിയ വര്‍ഷത്തിലെ അന്തരീക്ഷ താപം ഏറ്റവും ചൂടേറിയ വര്‍ഷത്തിലെ അന്തരീക്ഷ താപത്തേക്കാള്‍ കൂടുതലായിരിക്കും. അന്തരീക്ഷ താപം വര്‍ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും ലോകത്തിലെ വനമേഖലകളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ക്ലൈമറ്റ് മോഡലുകളെ കുറിച്ച് പഠനം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയാന്‍ ശക്തമായ നടപടികള്‍ എടുത്താല്‍ ഭൂമിയുടെ താപനില അസാധാരണമാം ഉയരുന്ന സാഹചര്യം 20 മുതല്‍ 25 വര്‍ഷം വരെ വൈകിപ്പിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ എന്നായിരിക്കും അന്തരീക്ഷ താപം എന്നാകും റെക്കോര്‍ഡ് നിലയില്‍ എത്തുക എന്നതും ഗവേഷകര്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവചിച്ചിട്ടുണ്ട്.

2047ഓടെ ന്യൂയോര്‍ക്കില്‍ അന്തരീക്ഷ താപത്തിന്റെ നില റെക്കോര്‍ഡ് നില രേഖപ്പെടുത്തും. ബീജിംഗില്‍ 2046ലും മോസ്‌കോയില്‍ 2063ലും വാഷിംഗ്ടണില്‍ 2047ലും അന്തരീക്ഷ താപം റെക്കോര്‍ഡ് നില രേഖപ്പെടുത്തും. മെക്‌സിക്കോ സിറ്റി, ജക്കാര്‍ത്ത, ഇന്തോനേഷ്യ, ലാഗോസ്, നൈജീരിയ എന്നിവിടങ്ങളിലും ബൊഗോട്ട, കൊളംബിയ എന്നിവിടങ്ങളില്‍ 2033ലും അന്തരീക്ഷതാപം റെക്കോര്‍ഡ് നില കൈവരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ആഗോളതാപനം മൂലം നൂറുകണക്കിന് മില്യണ്‍ ജനങ്ങള്‍ അഭയാര്‍ത്ഥികളാകുമെന്നും അവര്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. അനധികൃതമായുള്ള ഇത്തരം കുടിയേറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

സാന്‍ ഡിയാഗോ,ഓര്‍ലാന്‍ഡോ, വാഷിങ്ങ്ടണ്‍, ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍, ചിക്കാഗോ, ദല്ലാസ് തുടങ്ങിയ വന്‍ നഗരങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ രൂക്ഷമാകും.

No comments:

Post a Comment